നവസംരംഭകർക്ക് നാല്പതു ലക്ഷം വരെ സബ്സിഡി

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് സ്ഥിരമൂലധന നിക്ഷേപത്തിന്റെ 15  ശതമാമനം വരെ സബ്സിഡിയായി നൽകുന്ന സംരംഭക സഹായ പദ്ധതിയുമായി വ്യവസായ വകുപ്പ്! പരമാവധി നാൽപതു ലക്ഷം രൂപ വരെയാണ് ഈ പദ്ധതി വഴി സംരംഭകർക്കു ലഭിയ്ക്കുക.

        ധനകാര്യസ്ഥാപനങ്ങളിൽ നിന്നുളള വായ്പയെടുത്ത് ആരംഭിക്കുന്ന സംരംഭങ്ങൾക്ക് നിക്ഷേപ സഹായത്തിന്റെ 50 ശതമാനം വരെ സഹായധനമായി ലഭിയ്ക്കും. പരമാവധി 3 ലക്ഷം രൂപയാണ് ഈയിനത്തിൽ ഒരു സംരംഭകന് ലഭിയ്ക്കുന്നത്. നിക്ഷേപ സഹായമായി പൊതു വിഭാഗത്തിന് 15 ശതമാനവും (30 ലക്ഷം വരെ) യുവ സംരംഭകർക്കും എസ്.സി, എസ്.ടി വനിതാ, സംരംഭകർക്കും നിക്ഷേപത്തിന്റെ 25 ശതമാനം (40 ലക്ഷം വരെ) സബ്സിഡിയായി ലഭിയ്ക്കും.   മുൻഗണനാ വിഭാഗത്തിൽപ്പെട്ട സംരംഭങ്ങൾക്കും പിന്നോക്ക ജില്ലകളായ കാസർഗോഡ്, പത്തനംതിട്ട, വയനാട്, ഇടുക്കി എന്നിവിടങ്ങളിൽ നിന്നുളള സംരംഭകർക്കും 10 ശതമാനം (പരമാവധി 10 ലക്ഷം) അധിക സഹായധനം ലഭിയ്ക്കും. കൂടാതെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അംഗീകാരമുളള ഗവേഷണ കേന്ദ്രങ്ങളിൽ നിന്നു സാങ്കേതികവിദ്യ സ്വന്തമാക്കി ആരംഭിക്കുന്ന സംരംഭങ്ങൾക്ക് പരമാവധി  പത്തുലക്ഷം രൂപയും (10 ശതമാനം) അധിക സഹായമായി നൽകും. സംരംഭങ്ങൾക്കായി വാങ്ങുന്ന ഭൂമി, കെട്ടിടം, ഓഫീസ് യാന്ത്രസാമഗ്രികൾ, വൈദ്യുതീകരണം, ജനറേറ്റർ, ഇവയ്ക്കെല്ലാം സഹായധനം ബാധകമാണ് എന്ന പ്രത്യേകതയും ഈ പദ്ധതിയിലുണ്ട്.

സംസ്ഥാനത്തെ സംരംഭക‍ര്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് വ്യവസായ വാണിജ്യ വകുപ്പിന്റെ അന്താരാഷ്ട്ര ബിസിനസ്സ് മീറ്റ് 'വ്യാപാ‍ര്‍ 2022' ജൂണ്‍ മാസം 16 മുതൽ 18 വരെ കൊച്ചിയിലെ ജവഹര്‍ലാൽ നെഹ്റു ഇന്റര്‍ നാഷണൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചിരിയ്ക്കുന്നു. ഭക്ഷ്യസംസ്ക്കരണം, കയര്‍, റബ്ബര്‍, ആയുര്‍വ്വേദം, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഹാന്റ് ലൂം & ഗാര്‍മെന്റ്സ്,  ഹാന്റിക്രാഫ്റ്റ്സ് എന്നീ മേഖലകളിലെ 300 എം.എസ്.എം.ഇ കള്‍ ബിസിനസ്സ് മീറ്റിൽ പങ്കെടുക്കുന്നു. വിദേശത്തെയും മറ്റു സംസ്ഥാനങ്ങളിലെയും ബയേഴ്സിന്  ബിസിനസ്സ് മീറ്റ് സന്ദര്‍ശിക്കുന്നതിനും, വ്യാപാര കരാറിൽ ഏര്‍പ്പെടുന്നതിനുമുളള സംവിധാനം ഒരുക്കിയിട്ടുണ്ട്.  വിശദ വിവരങ്ങള്‍ക്ക് www.keralabusinessmeet.org സന്ദര്‍ശിയ്ക്കുക.

 

യുവതലമുറയ്ക്കായി ഇഡി ക്ലബ്ബുകൾ

കലാലയങ്ങളിൽ നിന്നു തന്നെ സംരംഭകത്വം പ്രോത്സാഹിപ്പിയ്ക്കുക എന്ന ലക്ഷ്യമിട്ടുകൊണ്ടാണ് സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംരംഭകത്വ വികസനം എന്ന ആശയം വ്യവസായ വകുപ്പ് നടപ്പിലാക്കി വരുന്നത്. ഹയർ സെക്കണ്ടറി, ടെക്നിക്കൽ സ്കൂളുകൾ, ഐ.ടി.ഐ, പോളിടെക്നിക്കുകൾ, ആർട്ട്സ് ആൻ‍ഡ് സയൻസ് കോളേജുകളൾ തുടങ്ങിയ വിദ്യാഭ്യാസകേന്ദ്രങ്ങളാണ് ഇതിനായി തെരെഞ്ഞെടുക്കുന്നത്. കുറഞ്ഞത് 25 പേര്‍ അംഗങ്ങളായി രജിസ്റ്റരർ ചെയ്താൽ ഒരു ക്ലബ്ബ് രൂപീകരിക്കാം. ഇതിന്റെ കോ-ഓർഡിനേറ്റർ അദ്ധ്യാപകനോ ഫാക്കൽറ്റി മെമ്പറോ ആയിരിക്കണം. പ്രതിവർഷം 20,000/-രൂപ ഓരോ ക്ലബ്ബിനും സഹായധനമായി ലഭിയ്ക്കും. പ്രിൻസിപ്പൽ, കോ-ഓ‍ർഡിനേറ്റർ എന്നിവരുടെ പേരിലുളള ജോയിന്റ് എസ്.ബി അക്കൗണ്ടിലേയ്ക്കാവും പണമെത്തുക. നിർദ്ദിഷ്ട മാതൃകയിലുളള അപേക്ഷാഫാറത്തിൽ വേണം ഇഡി ക്ലബ്ബുകൾക്കായുളള അപേക്ഷകൾ ജില്ലാ വ്യവസായ കേന്ദ്രങ്ങളിലോ അനുബന്ധ സ്ഥാപനങ്ങളിലോ സമർപ്പിയ്ക്കേണ്ടത്. നിലവിൽ എണ്ണൂറോളം ക്ലബ്ബുകളാണ് സംസ്ഥാനത്തു പ്രവ‍ർത്തിച്ചുവരുന്നത്.

 

ഉണർവ്വായി സംരംഭക വർഷം

        സമഗ്ര വ്യവസായ വൽക്കരണം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ 2022-23 വർഷത്തെ സംരംഭക വർഷമായി പ്രഖ്യാപിച്ചു. ഈ കാലയളവിൽ സംസ്ഥാനത്തുടനീളം ഒരു ലക്ഷം നവ സംരംഭങ്ങളാവും ആരംഭിക്കുക. ഇതിലേക്ക് വേണ്ട സഹായങ്ങൾ നൽകാൻ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ബി. ടെക്, എം.ബി.എ ബിരുദധാരികളെ ഇന്റേൺകളായും താലൂക്ക് തലത്തിൽ റിസോഴ്സ് പേഴ്സണെയും നിയമിച്ചു കഴിഞ്ഞു. സംരംഭകരുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സംസ്ഥാനതലത്തിലും ജില്ലാതലത്തിലും സമിതികളും രൂപീകൃതമായി.

സംരംഭക വർഷത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മെയ് മാസം മുതൽ പൊതു ബോധവത്ക്കരണ ശില്പശാല നടത്തിക്കൊണ്ടിരിക്കുകയാണ്. മെയ് അവസാനമാകുമ്പോഴേക്കും 700ശില്പശാല നടക്കുകയും അതിൽ ഏകദേശം 50000പേർ പങ്കെടുക്കുകയും ചെയ്യും. സംരംഭം തുടങ്ങാൻ താൽപര്യമുളള ആളുകൾക്ക് ശില്പശാലയിലൂടെ പൊതുവായ ബോധവത്ക്കരണം കൊടുത്തതിനു ശേഷം അവർക്ക് ലോൺ, ലൈസൻസ്, സബ്സിഡി തുടങ്ങിയവ ലഭ്യമാക്കാൻ സഹായം നൽകികൊണ്ട് സംരംഭം തുടങ്ങാനുളള കൈത്താങ്ങ് ഈ സംരംഭക വർഷത്തിന്റെ ഭാഗമായി കൊടുക്കുന്നതായിരിക്കും. എല്ലാ വകുപ്പുകളുടെ പങ്കാളിത്തോട് കൂടിയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഏകോപനത്തോട് കൂടിയും നടത്തുന്ന ഈ സംരംഭക വർഷം സംരംഭങ്ങൾ തുടങ്ങുന്നതിന് ഒരു വലിയ ഉണർവ്വ് തന്നെ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പദ്ധതി – 2022 മാർഗ്ഗരേഖ പ്രഖ്യാപിച്ചു.

ഈ പദ്ധതി പ്രകാരം സഹകരണ സ്ഥാപനങ്ങൾക്കോ ചാരിറ്റബിൾ സൊസൈറ്റിയ്ക്കോ കമ്പനികൾക്കോ വ്യവസായ എസ്റ്റേറ്റുകൾ ആരംഭിക്കാം. ഇതു സംബന്ധിച്ച ഏപ്രിൽ രണ്ടിലെ സ‍‍ർക്കാര്‍ ഉത്തരവിന്റെ തുടർച്ചയായിട്ടാണ് മാർഗ്ഗരേഖ പുറപ്പെടുവിച്ചിട്ടുളളത്. ഉത്തരവ് തീയതി മുതൽ ഇതിനു പ്രാബല്യമുണ്ടാവും. ഏറ്റവും കുറഞ്ഞത് 10 ഏക്കര്‍ ഭൂമിയാണ് ഇതിലേക്ക് വേണ്ടത്. പ്രസ്തുത ഭൂമി തണ്ണീ‍ർതടം, വനഭൂമി, വയൽ, മറ്റുപരിസ്ഥിതി ലോല പ്രദേശങ്ങൾ ആയിരിയ്ക്കരുത്. അടിസ്ഥാന സൗകര്യ വികസനത്തിന് ഏക്കറിന് 30 ലക്ഷം രൂപ നിരക്കിൽ പരമാവധി 3 കോടി രൂപ വരെ സാമ്പത്തിക സഹായം ലഭിക്കും. ഫോറം നമ്പർ ഒന്നിൽ വേണം ഇതു സംബന്ധിച്ച അപേക്ഷ നൽകേണ്ടത് വ്യവസായ വാണിജ്യ വകുപ്പു ഡയറക്ട‍ർക്ക് ലഭിയ്ക്കുന്ന അപേക്ഷകൾ വിവിധ വകുപ്പു സെക്രട്ടറിമാ‍ർ അടങ്ങുന്ന സമിതിയുടെ  പരിഗണനയ്ക്കുവിടും. 30 ദിവസത്തിനുളളിൽ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാവുകയും നിലവിലെ  നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി അംഗീകരിക്കപ്പെടുന്ന സംരംഭങ്ങൾക്ക് സ‍ർക്കാർ പ്രവർത്തനാനുമതി നൽകുകയും ചെയ്യും.